ഡാര്‍ജിലിങ്(പശ്ചിമബംഗാള്‍) : ചൈനയിലേക്ക് കടത്താനിരുന്ന കടല്‍ക്കുതിരകളുടെ ഇറച്ചി ഡാര്‍ജിലിങ്ങില്‍ നിന്ന് പശ്ചിമബംഗാള്‍ വനംവകുപ്പ് പിടിച്ചെടുത്തു. ഒരു തരം ചെറിയ കടല്‍മത്സ്യങ്ങളാണ് കടല്‍ കുതിരകള്‍. പിടിച്ചെടുത്ത കടല്‍ക്കുതിരകള്‍ മൊത്തത്തില്‍ 8.5 കിലോഗ്രാം തൂക്കം വരും.
ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 2.5 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. നേപ്പാള്‍ വഴിയാണ് ചൈനയിലേക്ക് ഇത് കടത്താനിരുന്നത്. നക്‌സല്‍ബാരിയിലെ റായ്‌പാറ പ്രദേശത്തെ താമസക്കാരനായ മനോജിന്‍റെ വീട്ടില്‍ നിന്നാണ് കടല്‍ക്കുതിരകളുടെ ഇറച്ചി പിടിച്ചെടുത്തത്. പരിശോധന നടക്കുമ്പോള്‍ മനോജ് വീട്ടിലില്ലായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ജീവന്‍ ഥാപ്പ, സുജിത് തമാങ്, കൊങ്കണ്‍ റാഹ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് കെര്‍സിയാങ് ഡിവിഷന്‍ ഡിഎഫ്‌ഒ ഡോ. ഹരികൃഷ്‌ണന്‍ പി ജെ പറഞ്ഞു.
കടല്‍ക്കുതിരകളെ കടത്തുന്ന വന്‍ സംഘം: അടുത്തിടെ ഡാര്‍ജിലിങ് ജില്ലയിലെ തന്നെ സിലിഗുരിക്കടുത്തുള്ള ഘോഷ്‌പുക്കൂറില്‍ നിന്ന് അഞ്ച് കിലോ കടല്‍ക്കുതിര ഇറച്ചി വനംവകുപ്പ് പിടിച്ചിരുന്നു. ഇതില്‍ ഫായിസ് അഹമ്മദ് എന്നയാളെ വനം വകുപ്പ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും ഇത് പിടിച്ചെടുത്തിരിക്കുന്നത്.
കടല്‍ക്കുതിരകളുടെ ഇറച്ചി ചൈനയടക്കമുള്ള പുറം രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘം ഡാര്‍ജിലിങ്ങില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തല്‍. ഈ സംഘത്തിലെ പ്രധാനിക്കായി തങ്ങള്‍ വല വിരിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന ഇനമാണ് കടല്‍ക്കുതിരകള്‍.