ബെഹ്‌റോര്‍ (രാജസ്ഥാന്‍): സാങ്കേതിക പിഴവ് മൂലം നിരത്തിലിറങ്ങാത്ത വാഹനങ്ങള്‍ക്കും മറ്റും പിഴയടക്കാന്‍ നോട്ടിസെത്തുന്ന വാര്‍ത്തകള്‍ സമീപകാലത്ത് പതിവാണ്. ശരിയായ രീതിയില്‍ മസ്റ്ററിങ് നടക്കാതെ മരണപ്പെട്ട ആളുകളുടെ പേരുകള്‍ വോട്ടര്‍പട്ടികയിലും ക്ഷേമ പെന്‍ഷന്‍ പട്ടികയിലും ഇടംപിടിച്ച വാര്‍ത്തകളിലും കൗതുകമുണ്ടാവില്ല. എന്നാല്‍ മരിച്ച് ഒന്നര വര്‍ഷം പിന്നിട്ട ഒരാളെ തേടി കോടതിയില്‍ നിന്നും നോട്ടിസ് എത്തിയതാണ് രാജസ്ഥാനിലെ ബെഹ്‌റോറില്‍ ചര്‍ച്ചയാവുന്നത്.
ബെഹ്‌റോർ സബ് ഡിവിഷനിലെ കങ്കർ ഛജ ഗ്രാമനിവാസിയായിരുന്ന കന്തൻലാൽ യാദവിനെ തേടിയാണ് കഴിഞ്ഞദിവസം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും നോട്ടിസെത്തിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്ക് തടസമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ചാണ് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് കന്തന്‍ലാലിന് നോട്ടിസ് എത്തിയത്.
സംഭവം ഇങ്ങനെ: വരാനിരിക്കുന്ന നവംബര്‍ 25നാണ് രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശത്ത് ക്രമസമാധാന നില തകര്‍ക്കാന്‍ സാധ്യതയുള്ള ബെഹ്‌റോര്‍, നീംരണ, മന്ധന്‍ എന്നിവിടങ്ങളിലെ ചിലരുടെ പേരുകള്‍ തിരിച്ചറിയുകയും ഇവര്‍ക്ക് ആറുമാസം സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ പട്ടികയില്‍ കന്തൻലാൽ യാദവിന്‍റെ പേരും ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ നിന്നും നോട്ടിസ് എത്തുന്നത്.
എന്നാല്‍ 2022 ജൂണ്‍ 27 ന് മരിച്ച കന്തല്‍ ലാലിന്‍റേതായി 2023 ജനുവരി 11 ന് അദ്ദേഹത്തിന്‍റെ മരണ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. മാത്രമല്ല ഞായറാഴ്‌ച (05.11.2023) കന്തന്‍ലാലിനെ തേടി കോടതിയില്‍ നിന്നെത്തിയ നോട്ടീസ് മകന്‍ രാമചന്ദ്ര യാദവ് ഞെട്ടലോടെയാണ് ഏറ്റുവാങ്ങിയത്.
അച്ഛന്‍ ഒരു മാന്യന്‍: എന്‍റെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു കര്‍ഷകനും ഗ്രാമവാസികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാന്യനായ ഒരാളുമായിരുന്നു. അദ്ദേഹത്തിന് ഒരിക്കലും ഇത്തരം നോട്ടിസ് ലഭിക്കുകയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ മരണശേഷം ആദ്യമായാണ് കോടതിയില്‍ നിന്നും നോട്ടിസുമായി പൊലീസുകാർ തങ്ങളുടെ വീട്ടിലെത്തുന്നതെന്നും കന്തന്‍ലാലിന്‍റെ മകന്‍ രാമചന്ദ്ര യാദവ് പറഞ്ഞു. ക്ലീൻ ഇമേജുണ്ടായിരുന്ന തന്‍റെ പിതാവിനെ തേടി നിലവില്‍ ഇത്തരമൊരു നോട്ടിസെത്തിയതോടെ കുടുംബത്തിന്‍റെ സൽപ്പേര് കളങ്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് മുതല്‍ ഇതുവരെ 618 പേർക്കെതിരെയാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതികൾ ലഭിച്ചിട്ടുള്ളത്. ഇതില്‍ ശനിയാഴ്‌ച (04.11.2023) വരെ 389 പേർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും 604 പേർക്കെതിരെ നടപടിയെടുക്കുകയും ചെയ്‌തിരുന്നു. അതേസമയം എങ്ങനെയാണ് ഈ അബദ്ധം സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ബെഹ്‌റോര്‍ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് രാജ്‌പാൽ യാദവ് പ്രതികരിച്ചു.