കന്നൗജ് (യുപി): ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ കാളി നദിയുടെയും ഗംഗ നദിയുടെയും സംഗമസ്ഥാനത്തിന് സമീപം കന്നുകാലികളുടെ ജഡങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്‌ച നദിയില്‍ 37 കന്നുകാലികളുടെ ജഡങ്ങള്‍ പൊന്തിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയെന്ന് ചീഫ് വെറ്ററിനറി ഓഫിസറുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് കനൗജ് ജില്ല മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്ര അറിയിച്ചു.
37 കന്നുകാലികളില്‍ 20 എരുമകളും ബാക്കി പശുക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. നദിയില്‍ നിന്ന് കന്നുകാലികളുടെ ജഡം പ്രദേശവാസികള്‍ കരയ്ക്കടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജില്ലയിലെ ഗോശാലകളിലെ ക്രമീകരണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
അതേസമയം, ഗ്രാമവാസികളിൽ നിന്നും ഗോശാലകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ജില്ലയിൽ കന്നുകാലികൾ ചത്തിട്ടില്ലെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉമാകാന്ത് തിവാരി പറഞ്ഞു. ജഡങ്ങള്‍ അയൽ ജില്ലകളിൽ നിന്ന് നദിയിലൂടെ ഒഴുകി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലികളുടെ ജഡങ്ങള്‍ നദിയിൽ നിന്ന് പുറത്തെടുത്ത് ജെസിബി ഉപയോഗിച്ച് കുഴിച്ചിട്ടുവന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: പാടത്തിലൂടെ നടത്തം, കടല കൊറിക്കലും ; 'ബ്രേക്കെ'ടുത്ത് മോദി,വീഡിയോ