ന്യൂഡൽഹി: ജന്തർ മന്ദറിലെ കർഷകരുടെ പ്രതിഷേധ പാർലമെന്‍റ് രണ്ടാം ദിവസവും തുടരുന്നു. ജൂലൈ 23ന് കേന്ദ്ര സർക്കാരിനെ പരിഹസിച്ചാണ് കർഷകർ പ്രതിഷേധം നടത്തിയത്.
നാടക രൂപത്തിലാണ് കർഷകർ സർക്കാരിന്‍റെ നടപടികളെ പരിഹസിച്ചത്. സർക്കാരിന്‍റെയും കർഷകരുടെയും പ്രതിനിധികളായി രണ്ട് പേരെ തീരുമാനിച്ച കർഷകർ, ചോദ്യങ്ങളും ഉത്കണ്‌ഠകളും സർക്കാരിനോടെന്ന രീതിയിൽ പ്രതിനിധിയോട് ചോദിച്ചു. എന്നാൽ, സർക്കാർ പ്രതിനിധിയായി വേഷമിട്ട ആൾക്ക് മൗനമായിരുന്നു മറുപടി.
കാർഷിക നിയമത്തിലൂടെ സമാന്തര മണ്ഡികൾ സ്ഥാപിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കമ്പോള വ്യവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ കർഷകർ പറഞ്ഞു. സമാന്തര മണ്ഡികൾ സ്ഥാപിച്ച് പരമ്പരാഗത വിപണി സമ്പ്രദായം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കർഷകർ ആരോപിച്ചു. മണ്ഡികൾ അവസാനിക്കില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പുതിയ നിയമത്തിലെ വ്യവസ്ഥകൾ കാരണം മണ്ഡികൾ തീർച്ചയായും അടയ്ക്കപ്പെടും എന്നതാണ് സത്യമെന്നും കർഷകർ വ്യക്തമാക്കി.
Also Read: നീലച്ചിത്ര നിർമാണം; മുംബൈ ക്രൈംബ്രാഞ്ച് സംഘം ശിൽപ ഷെട്ടിയുടെ വസതിയിൽ
ഇന്നത്തെ പ്രതിഷേധത്തിൽ കർഷകർ സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്നും പ്രതിഷേധത്തിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണെന്നും സംയുക്ത കിസാൻ മോർച്ചയുടെ യുവനേതാവും രാഷ്‌ട്രീയ കിസാൻ മസ്ദൂർ മഹാസംഗ് വക്താവുമായ അഭിമന്യു കോഹാർ ഇടിവി ഭാരതിനോട് പറഞ്ഞു.
ബിജെപി നേതാക്കൾ കർഷകർക്കെതിരെ നടത്തുന്ന പ്രസ്‌താവനകൾ, നിലവിൽ അധികാരം നിരക്ഷരരുടെയും അഴിമതിക്കാരുടെയും കൈയിലാണെന്ന് വ്യക്തമാക്കുന്നതാണെന്നും രാജ്യം അവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അഭിമന്യു കൊഹാർ പറഞ്ഞു.