മുംബൈ: അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ കസ്കറിനെ ലഹരിമരുന്നു കടത്തുകേസിൽ ഒരു ദിവസത്തേക്ക് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര ബിവണ്ടി കോടതിയാണ് കസ്റ്റഡി ഉത്തരവ് പുറപ്പെടുവിച്ചത്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ആവശ്യപ്രകാരമാണ് കസ്കറിനെ കസ്റ്റഡിയിൽ വിട്ടത്.
ജമ്മു കശ്മീരിൽനിന്നു 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 2003ൽ യുഎഇയിൽനിന്നു നാടുകടത്തപ്പെട്ട ഇക്ബാൽ കസ്കറിനെ 2017ൽ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസിൽ താനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന്‍റെ ഭൂമിയിടപാടുകൾ കൈകാര്യം ചെയ്തിരുന്ന ആളാണ് ഇക്ബാൽ കസ്കർ.
Also Read: ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ കസ്‌കർ അറസ്റ്റില്‍
"കേസ് ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് മനസിലാക്കുന്നു. അതിനാൽ, മതിയായ അന്വേഷണത്തിന് സമയം ആവശ്യമാണ്," റിമാൻഡ് റിപ്പോർട്ടും കേസ് ഡയറിയും പരിശോധിച്ച് കോടതി പറഞ്ഞു.