പട്‌ന : ചികിത്സയിലിരിക്കെ ആശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ അമ്മയെ ബലാത്സംഗത്തിനിരയാക്കിയെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും പരാതി നല്‍കി മകള്‍. ബിഹാറിലെ പട്നയിലാണ് നടുക്കുന്ന സംഭവം. ചികിത്സയിൽ കഴിയവെ മരിച്ച 45 കാരിയുടെ മകൾ ആശുപത്രി മാനേജ്മെന്റിനെതിരെ പൊലീസില്‍ പരാതി നൽകുകയായിരുന്നു. മെയ് 17 നാണ് 45 കാരിയെ കൊവിഡ് ലക്ഷണങ്ങളുമായി പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അതേ ദിവസം അവിടെ ഉണ്ടായിരുന്നവരില്‍ മൂന്ന് ജീവനക്കാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അമ്മ വെളിപ്പെടുത്തിയിരുന്നുവെന്നാണ് മകൾ പരാതിയിൽ പറയുന്നത്.
പീഡനത്തിന് ഇരയായ ശേഷം, ആശുപത്രി അധികൃതർ അമ്മയെ തിടുക്കപ്പെട്ട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇല്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നാണ് പറഞ്ഞത്. തുടർന്ന് തന്റെ സമ്മതത്തേടെ വെന്റിലേറ്റനിലേക്ക് മാറ്റപ്പെട്ട അമ്മ പിറ്റേ ദിവസം മരിച്ചെന്ന വാർത്തയാണറിഞ്ഞത്. എന്നാൽ പീഡന വിവരം പുറത്ത് വരാതിരിക്കാൻ അമ്മയുടെ കഴുത്തിൽ എന്തോ കുത്തിവച്ചതായി സംശയിക്കുന്നതായും മകൾ പറഞ്ഞു. എന്നാൽ പരാതി നിഷേധിച്ച് ആശുപത്രി മാനേജ്മെന്‍റ് രംഗത്തെത്തി.
Also read: മാസ്‌ക്ക് ധരിക്കാൻ വിസമ്മതിച്ച ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുത്തു
അതേസമയം ആശുപത്രി നടത്തിപ്പുകാർക്കെതിരെ ലഭിച്ച പരാതിയിൽ കുറ്റാരോപിതരുടെ പേരുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.