ന്യൂഡൽഹി: പ്രശസ്‌ത ഫോട്ടോ ജർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ ഖബറടക്കം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ ശ്‌മശാനത്തിൽ നടക്കും. സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയയിൽ ഖബറടക്കണം എന്ന് അദ്ദേഹത്തിന്‍റെ കുടുംബം അഭ്യർഥിച്ചിരുന്നു. ഇതേ തുടർന്നാണ് സർവകലാശാലയുടെ ശ്‌മശാനത്തിൽ ഖബറടക്കാനുള്ള അനുമതി സർവകലാശാല വൈസ് ചാൻസലർ നൽകിയത്.
ഡാനിഷ് സിദ്ദിഖി അദ്ദേഹത്തിന്‍റെ ഉപരിപഠനം പൂർത്തിയാക്കിയിരുന്നത് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നിന്നായിരുന്നു. 2005-2007 കാലഘട്ടത്തിൽ എജെകെ മാസ് കമ്മ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിലായിരുന്നു സിദ്ദിഖി പഠിച്ചിരുന്നത്.
റോയിട്ടേഴ്‌സിന് വേണ്ടി അഫ്‌ഗാനിസ്ഥാനിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സിദ്ദിഖി കൊല്ലപ്പെട്ടത്. കർഷക പ്രക്ഷോഭം, ഡൽഹിയിലെ സിഎഎ പ്രതിഷേധം, അതിഥി തൊഴിലാളികളുടെ പാലായനം എന്നിവയ്ക്ക് പുറമെ അഫ്‌ഗാൻ-ഇറാഖ് യുദ്ധം, റോഹിങ്ക്യൻ അഭയാർഥി പ്രശ്‌നം, ഹോങ്കോങ് പ്രതിഷേധം, നേപ്പാൾ ഭൂകമ്പം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് നടുവിലെ ഇന്ത്യൻ സാന്നിധ്യമായിരുന്നു ഡാനിഷ് സിദ്ദിഖി.
Also Read: ക്യാമറയെ തോക്കാക്കി മാറ്റിയ ഡാനിഷ് സിദ്ദിഖി; ലോകം ഓർമിക്കുന്ന ചിത്രങ്ങൾ