ന്യൂഡല്‍ഹി: കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാതാപിതാക്കളോട് 30 ലക്ഷം രൂപ ആവശ്യപ്പെട്ട നൃത്താധ്യാപകനും സുഹൃത്തും അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ ഏരിയയിലാണ് സംഭവം. നൃത്താധ്യാപകനായ വിഷ്‌ണു മിശ്ര (28), സുഹൃത്ത് ദുര്‍ഗ ദത്ത് സിങ് (27) എന്നിവരെയാണ് ഡല്‍ഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തത്.
പത്തു വര്‍ഷത്തിലധികമായി നൃത്താധ്യാപകനാണ് വിഷ്‌ണു മിശ്ര. ഡിസംബര്‍ 20 ഇയാള്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് പണം ആവശ്യപ്പെട്ടു കൊണ്ട് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചു. ഗുണ്ടാസംഘത്തിന്‍റെ തലവനാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സ്‌ആപ്പ് സന്ദേശം അയച്ചത്.
തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മകനെയും മകളെയും കൊല്ലുമെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. കുട്ടികളുടെ ഫോട്ടോ അടക്കമാണ് ഇയാള്‍ മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചത്. ഇതിന് പിന്നാലെ ഇതേ നമ്പറില്‍ നിന്ന് തനിക്ക് കോള്‍ വന്നിരുന്നു എന്നും ഭയം കൊണ്ട് കോള്‍ കട് ചെയ്‌ത നമ്പര്‍ ബോക്ക് ചെയ്‌തു എന്നും വിദ്യാര്‍ഥികളുടെ രക്ഷിതാവ് പൊലീസിനോട് പറഞ്ഞു.
പക്ഷേ നമ്പര്‍ ബ്ലോക്ക് ചെയ്‌തതിന് തൊട്ടു പിന്നാലെ കുട്ടികളുടെ അമ്മയുടെ നമ്പറിലേക്കും വാട്‌സ്‌ആപ്പ് സന്ദേശം അയച്ചു. സന്ദേശം കണ്ട ഇവര്‍ ഭര്‍ത്താവിനോട് വിവരം പറയുകയും അദ്ദേഹം തന്‍റെ സുഹൃത്തിന്‍റെ ഫോണില്‍ നിന്ന് സന്ദേശം ലഭിച്ച നമ്പറിലേക്ക് വിളിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്‌തില്ലെന്നും പിന്നാലെ മറ്റൊരു നമ്പറില്‍ നിന്ന് വിദ്യാര്‍ഥികളുടെ പിതാവിനെ ബന്ധപ്പെട്ട് 30 ലക്ഷം രൂപ ആവശ്യപ്പെടുകയും ആയിരുന്നു.
പണം അയക്കാനുള്ള അക്കൗണ്ടിന്‍റെ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. സന്ദേശം ലഭിച്ച ഫോണ്‍ നമ്പറും ഫോണ്‍ കോള്‍ വന്ന നമ്പറും ട്രാക്ക് ചെയ്‌ത പൊലീസ് ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ തുടങ്ങിയ മേഖലകളില്‍ അന്വേഷണം നടത്തി. ഒടുവില്‍ ആനന്ദ് വിഹാര്‍ മേഖലയില്‍ നിന്നാണ് വിഷ്‌ണു ശര്‍മയെയും ദുര്‍ഗ ദത്ത് സിങ്ങിനെയും പിടികൂടിയത്.