ചണ്ഡീഗഡ്: പഞ്ചാബിൽ ടെലികോം സേവനങ്ങൾ തടസപ്പെടുത്തിയ കർഷക സമരത്തിൽ റിപ്പോർട്ട് തേടി പഞ്ചാബ് ഗവർണർ വി.പി സിംഗ് ബദ്‌നോർ. സംസ്ഥാന ചീഫ് സെക്രട്ടറിയോടും ഡിജിപിയോടുമാണ് ബദ്‌നോർ വിശദീകരണം തേടിയത്. അതേസമയം, അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ ,വിഷയത്തിൽ പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. അയൽ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ തടസ്സപ്പെടുന്നതിലൂടെ കർഷക സമരം പ്രതിദിനം ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വ്യാവസായിക സംഘടന വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 1,600 ലധികം മൊബൈൽ ടവറുകൾ തകർന്നിട്ടുണ്ട്.
ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ ആശയവിനിമയ സംവിധാനങ്ങൾ വളരെ പ്രധാനമാണ്. ടെലികോം സേവനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതും തടസ്സപ്പെടുത്തുന്നതും വിദ്യാർഥികളെ മാത്രമല്ല, സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും പല തരത്തിൽ ബാധിക്കുമെന്ന് ബദ്‌നോർ പറഞ്ഞു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതകളുടെ ഉപരോധം പ്രതിദിനം 3,000-3500 കോടി രൂപയുടെ നഷ്ടത്തിന് കാരണമായിട്ടുണ്ടെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ അറിയിച്ചു.