ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ദളിത് തൊഴിലാളികളെ സ്ഥാപനത്തിലെ സൂപ്പർവൈസർമാർ ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച ബെത്‌മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ഏതാനം മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്യാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായ സൂപ്പർവൈസർമാർ തൊഴിലാളികളെ മർദിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ ഡി.ഐ.ജി ഓഫിസിൽ കുത്തിയിരിപ്പ് സമരം നടത്തി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഡിഐജി ഹരി നാരായൺ ചാരി മിശ്ര പറഞ്ഞു.