മംഗളൂരു: മംഗളൂരുവിലെ ധർമസ്ഥലയില്‍ ബജ്‌രംഗ്‌ദൾ പ്രവർത്തകന്‍റെ ക്രൂര മർദ്ദനമേറ്റ ദലിത് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ഫെബ്രുവരി 23ന് ധർമ്മസ്ഥലയിലെ കന്യാടിയിലെ രാമമന്ദിറിന് പുറത്ത് നടന്ന തർക്കത്തിനൊടുവിലാണ് ദലിത് കോൺഗ്രസ് പ്രവർത്തകൻ ദിനേശിന് മർദ്ദനമേറ്റത്. ബജ്‌റംഗ്‌ദൾ പ്രവർത്തകൻ കൃഷ്ണയാണ് മർദിച്ചതെന്ന് ദിനേശിന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കി.
ഇതേ തുടർന്ന് കൃഷ്‌ണയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ക്രൂരമായി മർദ്ദനമേറ്റ ദിനേശിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ വീഴ്‌ചയുണ്ടായെന്നും പരാതിയുണ്ട്.
അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മുൻ എംഎൽഎ വസന്ത ബംഗേര ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു, ''ദലിത് യുവാക്കളുടെ കൊലപാതകം അപലപനീയമാണ്. ബജ്‌റംഗ്ദൾ പ്രവർത്തകനെ അറസ്റ്റ് ചെയ്യുകയും ഇരയുടെ കുടുംബത്തിന് സംരക്ഷണം നൽകുകയും വേണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.