കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് തീരം തൊട്ടു. വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലായാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. രാവിലെ ഒൻപത് മണിയോടെ മണിക്കൂറിൽ 130-140 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി അധികൃതർ.
വ്യാഴാഴ്ച വരെ കടലാക്രമണവും മഴയും തുടരുമെന്നും വൈകുന്നേരത്തോടെ കാറ്റിന്‍റെ ശക്തി കുറയുമെന്നും അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് ഒഡിഷയിൽ നിന്ന് ജാർഖണ്ഡിലേക്ക് തിരിയുമെന്നും ഒഡിഷ സ്‌പെഷ്യൽ റിലീഫ് കമീഷണർ പി.കെ ജെന പറഞ്ഞു.
ഒഡിഷയിൽ 5.8 ലക്ഷം പേരെയും പശ്ചിമ ബംഗാളിൽ 15 ലക്ഷം പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മരങ്ങൾ കടപുഴകിയതൊഴികെ വലിയ നാശനഷ്ടങ്ങളൊന്നും ഒഡിഷയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ചുഴലിക്കാറ്റ് വൻതോതിൽ ബാധിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തീരപ്രദേശങ്ങളിൽ കടലാക്രമണം ഉണ്ടായതായും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി കേടുപാടുകൾ സംഭവിച്ചതായും മമത പറഞ്ഞു. വേലിയേറ്റം ദുരന്തങ്ങൾക്ക് ആക്കം കൂട്ടിയതായും ദിഗയുടെ തീരപ്രദേശത്ത് നിന്നും കൂടുതൽ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും മമത കൂട്ടിച്ചേർത്തു.
Also Read: ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍
ഈസ്റ്റ് മിഡ്‌നാപൂരിൽ 70 കിലോമീറ്ററോളം കായൽ പ്രദേശത്ത് കേടുപാടുകൾ സംഭവിച്ചതായും സൗത്ത് 24 പർഗാനസിൽ 15 കായൽതീരങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.