ന്യൂഡല്‍ഹി: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. രാവിലെ 10.30ന് ഭുവനേശ്വറില്‍ അവലോകന യോഗം ചേര്‍ന്ന ശേഷം ബാലസോർ, ഭദ്രക് എന്നിവിടങ്ങളില്‍ വ്യോമയാന നിരീക്ഷണം നടത്തും. ശേഷം പശ്ചിമബംഗാളിലെത്തി സാഹചര്യം വിലയിരുത്തും.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്താണ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിച്ചത്. മണിക്കൂറിൽ 130 മുതൽ 155 കിലോമീറ്റര്‍ വരെ വേഗത്തിൽ ആഞ്ഞടിക്കാമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ നേരത്തെ മുന്നറിയിപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.
ചുഴലിക്കാറ്റിന് മുന്നോടിയായി ഇരു സംസ്ഥാനങ്ങളിലേയും തീരപ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. മെയ് 24 മുതൽ 29 വരെ കൊൽക്കത്തയിൽ നിന്നുള്ള 38 ദീർഘ ദൂര ദക്ഷിണ-ബോൾഡ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി നാവികസേന രണ്ട് മുങ്ങൽ വിദഗ്‌ധരുടെ ടീമുകളെയും അഞ്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘങ്ങളെയും ബംഗാളില്‍ വിന്യസിച്ചിരുന്നു.