ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. നിലവിൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുള്ള യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ മണിക്കൂറിൽ 130 മുതൽ 155 വരെ വേഗത്തിൽ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ വകുപ്പിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഉമാശങ്കർ ദാസ് പറഞ്ഞു.
നിലവിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങൾക്കടുത്തായാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ വടക്കൻ ഒഡിഷ തീരത്തെ ധമ്ര തുറമുഖത്തിന് സമീപം ആഞ്ഞടിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആവശ്യപ്പെട്ടു.
Also Read: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
ചുഴലിക്കാറ്റിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ അപകടസാധ്യത മേഖലകളിൽ നിന്ന് 11.5 ലക്ഷം പേരെ ഒഴിപ്പിച്ചതായും ചുഴലിക്കാറ്റിന്‍റെ സ്ഥിതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി മെയ് 25, 26 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് 'നബന്ന'യിൽ തുടരുമെന്നും മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
മെയ് 24 മുതൽ 29 വരെ കൊൽക്കത്തയിൽ നിന്നുള്ള 38 ദീർഘ ദൂര ദക്ഷിണ-ബോൾഡ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി നാവികസേന രണ്ട് മുങ്ങൽ വിദഗ്ധരുടെ ടീമുകളെയും അഞ്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.