ഭുവനേശ്വർ: പടിഞ്ഞാറൻ തീരത്ത് നാശം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിയുംമുന്‍പ് മറ്റൊരു ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. യാസ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷയിൽ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് വീശുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് കാറ്റിന് മുന്നറിയിപ്പ് നൽകിയത്.
മെയ് 22ന് വടക്കൻ ആൻഡമാനിലും ബംഗാൾ ഉൾക്കടലിനും ഇടയിൽ ഒരു താഴ്ന്ന മർദ്ദം ഉണ്ടാകാൻ സാധ്യതയെന്നും തുടർന്നുള്ള 72 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ഒരു ചുഴലിക്കാറ്റായി തീവ്രമാകാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.
മെയ് 26ന് വൈകുന്നേരം വടക്കുപടിഞ്ഞാറോട്ട് നീങ്ങി ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങളിൽ ചുഴലിക്കാറ്റ് എത്തുമെന്നാണ് സൂചന. ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് ജെന ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് , ഒഡീഷ പൊലീസ്, അഗ്നി ശമന സേന വിഭാഗം എന്നിവരുമായി ചർച്ച നടത്തി.