ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥമായതിനാല്‍ കിഴക്കന്‍ തീരങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. പ്രദേശങ്ങളില്‍ ഇന്ത്യന്‍ നേവി എത്തിയിട്ടുണ്ട്. നാളെയാണ് ഇവിടങ്ങളില്‍ യാസ് എത്തുകയെന്നാണ് മുന്നറിയിപ്പ്. ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐ.എൻ.എസ് നേതാജി സുഭാഷ് കപ്പലും രംഗത്തുണ്ടെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു.
Read Also…….യാസ് ചുഴലിക്കാറ്റ്; ഒഡിഷയിലും ബംഗാളിലും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു
തയ്യാറെടുപ്പിന്‍റെ ഭാഗമായി, രണ്ട് നേവി ഡൈവിംഗ് ടീമുകളും അഞ്ച് പ്രളയ ദുരിതാശ്വാസ സംഘങ്ങളും, പ്രത്യേക ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും ബോട്ടുകളും ഉൾപ്പെടുന്ന അഞ്ച് നാവികസേന സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എന്‍ഡിആര്‍എഫ് ടീമുകളെ വിന്യസിച്ചിരിക്കുന്നത്. ഒഡീഷയില്‍ മാത്രം 18 ടീമുകളെ വിന്യസിപ്പിച്ചു. അതില്‍ ഏഴ് ടീമുകള്‍ ബലാസോറിലും നാല് ടീമുകള്‍ ഭദ്രക്കിലും മൂന്ന് ടീമുകള്‍ കേന്ദ്രപാഡയിലും രണ്ട് ടീമുകള്‍ ജജ്പൂരിലുമാണ്. ഓരോന്നു വീതം ജഗത്സിങ്പൂരിലും മയൂര്‍ഭഞ്ജിലും വിന്യസിച്ചു. നാല് ടീമുകളെ റിസര്‍വില്‍ വച്ചിരിക്കുകയാണ്. ഒഡീഷയിലെ റാപിഡ് റെസ്‌പോണ്‍സ് ആക്ഷന്‍ ഫോഴ്സിലെ 66 ടീമുകളും 177 ഫയര്‍ സര്‍വീസ് ടീമുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിന്യസിപ്പിക്കാനായി സൈന്യത്തെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 26 ഹെലികോപ്ടറുകള്‍ സ്റ്റാന്‍ഡ് ബൈ ആയി നിര്‍ത്തിയിരിക്കുകയാണ്.
ചുഴലിക്കാറ്റ് വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ ആണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് വീണ്ടും വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26ന് പുലർച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടർന്ന് മെയ് 26ന് ഉച്ചയോടെ പശ്ചിമ ബംഗാൾ - വടക്കൻ ഒഡിഷ തീരത്ത് പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.