ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒരുങ്ങി നാവികസേന. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് നാവികസേന അറിയിച്ചു.
ഖുർദയിലെ ഐഎൻഎസ് ചിൽക ഉപയോഗപ്പെടുത്തി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി സംബന്ധിച്ച് എല്ലാ തരത്തിലുള്ള ആശയവിനിമയവും നടത്തുന്നുണ്ടെന്ന് നാവിക സേന ഉദ്യോഗസ്ഥൻ അറിയിച്ചു. കിഴക്കൻ തീരങ്ങളിലെയും സ്ഥിതിഗതികൾ സൂക്ഷ്‌മമായി നാവിക സേന വിലയിരുത്തുന്നുണ്ട്.
READ MORE: യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്
ആയിരക്കണക്കിന് ജനങ്ങൾക്കായി കമ്മ്യൂണിറ്റി അടുക്കള ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സംസ്ഥാന സർക്കാരിന്‍റെ സഹകരണത്തോടെ ഒരുക്കിയിട്ടുണ്ട്. ഗോപാൽപൂർ, പരദീപ്, ദാമര തുറമുഖങ്ങളിലെ അധികാരികളുമായി ഏകോപിപ്പിച്ച് തീരത്ത് കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നുണ്ടെന്നും നാവിക ഓഫീസർ-ഇൻ-ചാർജ് അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രാദേശിക ഭരണകൂടവുമായി ജനം സഹകരിക്കണമെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിപാർക്കണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: സംസ്ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്