ന്യൂഡൽഹി: ഒഡീഷയിലും പശ്ചിമ ബംഗാളിലും വീശിയടിക്കുന്ന യാസ് ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് ഇന്ത്യൻ ആർമി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സൈനിക വ്യൂഹത്തെയും, എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സിനെയും സജ്ജമാക്കിയിട്ടുണ്ടെന്ന് ആർമി അറിയിച്ചു.
ഒഡീഷയിൽ രണ്ട് കമ്പനി വീതം സൈനിക വ്യൂഹത്തെയും എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സുകളെയും സജ്ജരാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ എട്ട് കമ്പനി സൈനികരും രണ്ട് കമ്പനി എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സും രക്ഷാപ്രവർത്തനത്തിന് സജ്ജരാണെന്ന് ആർമിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മെയ് 24 നും 26 നും ഇടയിൽ ബംഗാൾ-ഒഡീഷ തീരത്ത് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഡൽഹിയിൽ നിന്ന് ഭുവനേശ്വർ, ഒഡീഷയിലെ പുരി എന്നിവിടങ്ങളിലേക്കുള്ള പന്ത്രണ്ടോളം ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.
ALSO READ: രാംദേവിന്‍റെ വിവാദ പരാമർശം; ഐഎംഎയുടെ ആരോപണങ്ങൾ നിഷേധിച്ച് പതഞ്ജലി യോഗ്‌പീത് ട്രസ്റ്റ്
കിഴക്കൻ തീരത്ത് ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന യാസ് ചുഴലികൊടുങ്കാറ്റിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) സജ്ജരായിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ചുഴലി കൊടുങ്കാറ്റിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി അവലോകന യോഗം ചേർന്നു. കൊവിഡ് രോഗികളുടെയും ആശുപത്രികളുടെയും ഓക്സിജൻ ഉത്പാദന പ്ലാന്‍റുകളുടെയും സുരക്ഷ ഉറപ്പാക്കാണമെന്നും അതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.