അഹമ്മദാബാദ് : ടൗട്ടെ ചുഴലിക്കാറ്റിൽ ഗുജറാത്തില്‍ ജീവന്‍ നഷ്ടമായത് 45 പേർക്ക്. അതേസമയം, സ്ഥിതിഗതികളും ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളും നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെത്തി. ഏരിയൽ സർവേയ്ക്ക് ശേഷം അദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
നാശനഷ്ടം
ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച അമ്രേലി, ഗിർ സോംനാഥ്, ഭാവ് നഗർ ജില്ലകള്‍ അദ്ദേഹം സന്ദര്‍ശിക്കും. 1998 ശേഷം ഗുജറാത്തിനെ ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ടൗട്ടെ. തീരപ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടാവുകയും, കാറ്റില്‍ വൈദ്യുത തൂണുകളും മരങ്ങളും പിഴുതെറിയപ്പെടുകയും, നിരവധി വീടുകളും റോഡുകളും നശിക്കുകയും ചെയ്തു.
കനത്ത മഴ തുടരാന്‍ സാധ്യത
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സംഭാഷണം നടത്തി. ഇരുവരും ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ആഘാതത്തെക്കുറിച്ച് ചർച്ച ചെയ്തു. ചുഴലിക്കാറ്റിന്‍റെ തീവ്രത ഇന്ന് ദുർബലമായിരുന്നെങ്കിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 125 കിലോമീറ്ററിലെത്തും. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ടൗട്ടെ ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഡല്‍ഹി തുടങ്ങിയ പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
അവലോകന യോഗം
ടൗട്ടെ ചുഴലിക്കാറ്റിന്‍റെ ആഘാതം ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കാന്‍ മെയ് 17ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗം ചേർന്നിരുന്നു. സാഹചര്യം പരിഹരിക്കുന്നതിന് സായുധ സേന സിവിൽ അധികാരികൾ സ്വീകരിക്കുന്ന തയ്യാറെടുപ്പും സഹായവും യോഗം അവലോകനം ചെയ്തു. ദുരിതബാധിത സംസ്ഥാനങ്ങളിലെ അധികാരികളിൽ നിന്ന് എന്തെങ്കിലും അഭ്യർഥന വന്നാൽ 11 ഇന്ത്യൻ നേവി ഡൈവിംഗ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് സിംഗ് അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് വേലിയേറ്റം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഗുജറാത്ത് സർക്കാർ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
സുരക്ഷാ ക്രമീകരണങ്ങള്‍
ദേശീയ ദുരന്ത നിവാരണ സേനയുടെയും എൻഡിആർഎഫിന്‍റെയും ഇന്ത്യൻ സൈന്യത്തിന്‍റെയും രക്ഷാപ്രവർത്തന സംഘങ്ങളെ ഗുജറാത്തിലെയും ദിയു വിലെയും വിവിധ മേഖലകളിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ തീരസംരക്ഷണ സേനയും നാവികസേനയും ദുരിതാശ്വാസ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചു. ബോട്ടുകളും റെസ്ക്യൂ ഉപകരണങ്ങളുമുള്ള കരസേനയുടെ വ്യോമസേന, എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകൾ വിന്യാസത്തിനായി കാത്തിരിക്കുകയാണ്. മാനുഷിക സഹായവും ദുരന്ത നിവാരണ യൂണിറ്റുകളുമുള്ള ഏഴ് കപ്പലുകൾ പടിഞ്ഞാറൻ തീരത്ത് നിൽക്കുന്നുണ്ട്. നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും പടിഞ്ഞാറൻ തീരത്ത് സജ്ജമാണ്.