ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഒക്‌ടോബർ 25ഓടെ ചുഴലിക്കാറ്റ് ഒഡിഷയെ മറികടന്ന് പശ്ചിമബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ (ഐഎംഡി) മുന്നറിയിപ്പ്. വ്യാഴാഴ്‌ച ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അടുത്ത നാല് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പടിഞ്ഞാറ്-വടക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം ഒക്‌ടോബർ 22ഓടെ കിഴക്ക്-മധ്യ ഭാഗത്തും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദമായി മാറും. ഒക്‌ടോബർ 23ഓടെ ഇത് തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. ഒക്‌ടോബർ 24ഓടെ തീവ്ര ന്യൂനമർദം വടക്ക് ഭാഗത്തേക്ക് നീങ്ങുകയും പടിഞ്ഞാറ്-മധ്യ, കിഴക്ക്-മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുകയും ചെയ്യും.
ശേഷം, ചുഴലിക്കാറ്റ് ക്രമേണ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ഒഡിഷയെ മറികടന്ന് ഒക്‌ടോബർ 25ഓടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്‌ടർ ജനറൽ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ തീവ്രതയെയും കാറ്റിന്‍റെ വേഗതയെയും സംബന്ധിച്ച് ഐഎംഡി ഇതുവരെ വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.
ഒഡിഷയിൽ കനത്ത ജാഗ്രത: ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തിൽ ഒഡിഷയുടെ തീരപ്രദേശങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്‌ടോബർ 23 മുതൽ കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പുരി, കേന്ദ്രപാഡ, ജഗത്സിംഗ്‌പൂർ ജില്ലകളിൽ ഒക്ടോബർ 23ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഭുവനേശ്വറിലെ പ്രാദേശിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താലാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ സമീപ പ്രദേശങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടത്.
ചുഴലിക്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് ഏഴ് തീരദേശ ജില്ല ഭരണകൂടങ്ങളെ സംസ്ഥാന സർക്കാർ സജ്ജമാക്കിയിട്ടുണ്ടെന്ന് ഒഡിഷ റവന്യൂ, ദുരന്ത നിവാരണ മന്ത്രി പ്രമീള മല്ലിക് പറഞ്ഞു. ഗഞ്ചം, പുരി, ഖുർദ, ജഗത്സിംഗ്‌പൂർ, കേന്ദ്രപാഡ, ഭദ്രക്, ബാലസോർ എന്നിവയാണ് ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന ജില്ലകൾ. ഇവിടങ്ങളിൽ ജാഗ്രത പാലിക്കാനും സ്ഥിതിഗതികൾ നിരീക്ഷിക്കാനും അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബർ 22നകം തീരത്തേക്ക് മടങ്ങണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് ഐഎംഡി നിർദേശം നൽകി.