പൂനെ (മഹാരാഷ്‌ട്ര): അദാർ പൂനാവാലയുടെ പേര് ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിഇഒ അദാർ പൂനാവാലയെന്ന വ്യാജേന സൈബർ തട്ടിപ്പ് സംഘം അയച്ച വ്യാജ സന്ദേശത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടിയിലധികം രൂപയാണ് നഷ്‌ടമായത്.
പൂനാവാലയുടേതെന്ന പേരിൽ ഒരു കോടി രൂപ ആവശ്യപ്പെട്ട് തട്ടിപ്പുകാർ കമ്പനിയുടെ ഡയറക്‌ടർമാരിലൊരാളായ സതീഷ് ദേശ്‌പാണ്ഡെയ്ക്ക് വ്യാജ വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. ഉടൻ തന്നെ പണം വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്യണം എന്നതായിരുന്നു സന്ദേശം. സെപ്‌റ്റംബർ 7, 8 തീയതികളിലായിരുന്നു സംഭവം.
വാട്‌സ്ആപ്പ് സന്ദേശം പൂനാവാല അയച്ചതാകുമെന്ന് തെറ്റിദ്ധരിച്ച ദേശ്‌പാണ്ഡെ ഉടൻതന്നെ തട്ടിപ്പുകാർ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകി. 1,01,01,554 രൂപയാണ് ഇത്തരത്തിൽ കമ്പനിയുടെ ഫിനാൻസ് വകുപ്പ് അയച്ചുനൽകിയത്.
പിന്നീടാണ് പൂനാവാല ഇത്തരത്തിൽ ഒരു മെസേജും അയച്ചിട്ടില്ലെന്ന് ബോധ്യമായത്. ഉടൻതന്നെ കമ്പനി പരാതി നല്‍കുകയും, പൊലീസ് ഐപിസിയിലെ 419, 420, 34, വകുപ്പുകളും ഐടി ആക്‌ടും ചുമത്തി കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.