കൊല്‍ക്കത്ത: ബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളും വര്‍ധിക്കുന്നത് സ്‌ത്രീകളുടെ വസ്‌ത്രധാരണ മൂലമാണെന്നും, പുരുഷന്മാരുടെ മനോനിലയുടെ പ്രശ്‌നമാണെന്നും തുടങ്ങി അനേകം 'സീസണല്‍' ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ ചെറുക്കാന്‍ സ്‌ത്രീകള്‍ പ്രതിരോധ അഭ്യാസങ്ങള്‍ പഠിക്കണമെന്നും, പൊലീസ് സുരക്ഷ വര്‍ധിപ്പിക്കണമെന്നുമുള്ള ഇന്നും പൂര്‍ണമാകാത്ത പരിഹാരങ്ങളും നമുക്ക് ചുറ്റുമുണ്ട്.
എന്നാല്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും സ്‌ത്രീ സുരക്ഷ ഉറപ്പാക്കാനും ചെലവ് കുറഞ്ഞ പൊടിക്കയ്യുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത ഹൈക്കോടതി. ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുവിളക്കുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ പ്രകാശമെത്തിച്ച് ബലാത്സംഗങ്ങളെ തടയാനാകുമെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
ഇരുട്ടാണോ പ്രശ്‌നം: ബംഗാളിലെ ബലാത്സംഗക്കേസുകളിലെ ഇരകള്‍ക്ക് യഥാസമയം നഷ്‌ടപരിഹാരങ്ങള്‍ ലഭിക്കുന്നില്ലെന്ന ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി വിചിത്രമായ നിര്‍ദേശം മുന്നോട്ടുവച്ചത്. ബലാത്സംഗ സംഭവങ്ങൾ തടയാൻ ഗ്രാമപ്രദേശങ്ങളില്‍ തെരുവ് വിളക്കുകളുടെ എണ്ണം എത്രയും വേഗം വർദ്ധിപ്പിക്കണമെന്നായിരുന്നു ജസ്‌റ്റിസ് പ്രകാശ് വാസ്‌തവ, ജസ്‌റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നിര്‍ദേശം. അതേസമയം സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ബംഗാളിലെ ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങളിൽ വൈദ്യുതിയില്ലെന്നും വൈകുന്നേരത്തിന് ശേഷം ഗ്രാമീണ റോഡുകൾ ഇരുട്ടിലായെന്നും ഇത് പലപ്പോഴും ബലാത്സംഗ സംഭവങ്ങൾക്ക് കാരണമാകുന്നുവെന്നുമുള്ള സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിനായിരുന്നു ഹൈക്കോടതിയുടെ അതിലും മികച്ച 'പരിഹാര ക്രിയ'.
എല്ലാം ഫയലിലുണ്ട്: ഹര്‍ജികള്‍ പരിഗണിച്ച കോടതി എന്തുകൊണ്ട് ബലാത്സംഗത്തിനിരയായവര്‍ക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കുന്നില്ലെന്ന ചോദ്യവുമെറിഞ്ഞു. ഇരകള്‍ക്ക് മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നില്ലെന്ന് സമ്മതിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രശ്‌നം പരിഹരിക്കാന്‍ അനുബന്ധ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണെന്നും വ്യക്തമാക്കി. കൂടാതെ ഇരകൾക്ക് തക്കസമയത്ത് മതിയായ നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ദത്ത കൂട്ടിച്ചേര്‍ത്തു.
എണ്ണിപ്പറയണം: ഇത്തരത്തില്‍ ബലാത്സംഗ സംഭവങ്ങള്‍ കുറയ്‌ക്കാനായി ഗ്രാമപ്രദേശങ്ങളിൽ പ്രകാശമെത്തിക്കാന്‍ എത്ര തെരുവുവിളക്കുകള്‍ വേണമെന്ന് കോടതിയെ അറിയിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഇവരോട് അടുത്ത വർഷം ജനുവരിയോടെ റിപ്പോർട്ട് സമർപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ദത്ത പറഞ്ഞു. എത്ര തെരുവ് വിളക്കുകൾ ആവശ്യമാണെന്ന് മനസിലാക്കി അടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും ആവശ്യമെങ്കിൽ ആവശ്യത്തിന് ഫണ്ട് അനുവദിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.