ചണ്ഡീഗഡ്: അതിർത്തി കടന്ന് ആറ് കിലോഗ്രാം ഹെറോയിൻ കടത്തിയ റാക്കറ്റ് സംഘം പിടിയിൽ. സംഭവത്തിൽ 2 പേരെ പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുഎസ് ആസ്ഥാനമായുള്ള കള്ളക്കടത്തുകാരനായ ജസ്‌മിത് സിംഗ് എന്ന ലക്കിയുടെ കൂട്ടാളികളാണ് അതിർത്തി കടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് പഞ്ചാബ് പൊലീസ് ഞായറാഴ്‌ച അറിയിച്ചു (Cross border drugs smuggling racket busted 2 held).
ഹോഷിയാർപൂരിലെ മോഡൽ ടൗണിലെ മൊഹീന്ദർപാൽ സിംഗ്, ഹോഷിയാർപൂരിലെ പഞ്ച് പിപ്ലി ചന്ദ് നഗറിലെ സൗരവ് ശർമ്മ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതായി അമൃത്‌സർ പൊലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ പറഞ്ഞു. കള്ളക്കടത്ത് പിടികൂടിയതിന് പുറമേ, ചരക്ക് കടത്താൻ ഇരുവരും ഉപയോഗിച്ച കാറും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ജസ്‌മിത് സിംഗ് എന്ന ലക്കിയുടെ കൂട്ടാളികൾ അതിർത്തിക്കപ്പുറത്ത് നിന്ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാർ അയച്ച ഹെറോയിൻ ശേഖരിച്ചെന്നും അത് ആർക്കെങ്കിലും എത്തിക്കാൻ പോയതാണെന്നും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തതെന്നും ഭുള്ളർ പറഞ്ഞു.
അട്ടാരി റോഡിലെ ബുർജ് ഗ്രാമത്തിൽ പൊലീസ് സംഘം പ്രത്യേക പരിശോധന നടത്തുകയും ശേഷം ചരക്കുമായി ആരെയോ കാത്തുനിന്ന പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികൾ ലക്കിയുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നെന്നും പാകിസ്ഥാനിൽ നിന്ന് കള്ളക്കടത്ത് എത്തിച്ച് പഞ്ചാബിലുടനീളം ഹെറോയിൻ വിതരണം ചെയ്‌തിരുന്നതായും കമ്മീഷണർ വ്യക്തമാക്കി.
മയക്കുമരുന്ന് വിതരണക്കാരുടെയും ഡീലർമാരുടെയും അവരുടെ ഇടപാടുകാരുടെയും മുഴുവൻ ശൃംഖലയും കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം തുടരുകയാണെന്നും അറസ്‌റ്റിലായ പ്രതികൾ നാളിതുവരെ സംഭരിച്ച മയക്കുമരുന്നിന്‍റെ ആകെ തുക കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ALSO READ:337 കിലോഗ്രാം ഹെറോയിനും 3.5 കിലോഗ്രാം ഹാഷിഷ് ഓയിലും ഉൾപ്പടെ 3,500 കോടിയുടെ ലഹരിമരുന്നുകൾ നശിപ്പിച്ചു