മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) ഫൈനല്‍ കാണാനെത്തുന്നവര്‍ക്ക് യാത്രാസൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ഫൈനലിനോടനുബന്ധിച്ച് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെൻട്രല്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിരിക്കുന്നത് (World Cup Special Train From Mumbai To Ahmedabad).
നാളെയാണ് (നവംബര്‍ 19) ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പിലെ ഫൈനല്‍ പോരാട്ടം. ആതിഥേയരായ ഇന്ത്യയും ആറാം കിരീടം തേടിയെത്തുന്ന ഓസ്‌ട്രേലിയയും തമ്മിലാണ് കലാശപ്പോരാട്ടം. 1,30,000 കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഈ മത്സരം കാണാന്‍ ആരാധകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആരാധകര്‍ക്ക് സഹായകരമാണ് സെന്‍ട്രല്‍ റെയില്‍വേയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍. ഇന്ന് (നവംബര്‍ 18) രാത്രിയിലാണ് മൂന്ന് സ്പെഷ്യല്‍ സര്‍വീസും ആരംഭിക്കുന്നത്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (Chhatrapati Shivaji Maharaj Terminus - CSMT) നിന്നുള്ള ആദ്യ സ്പെഷ്യല്‍ സര്‍വീസായ അഹമ്മദാബാദ് സ്പെഷ്യല്‍ എക്‌സ്‌പ്രസ് (01153) ഇന്ന് രാത്രി 10:30നാണ് യാത്ര ആരംഭിക്കുന്നത്. ഈ ട്രെയിന്‍ 19ന് പുലര്‍ച്ചെ 6:40ന് അഹമ്മദാബാദില്‍ എത്തിച്ചേരും. മത്സരത്തിന് ശേഷം 20ന് പുലര്‍ച്ചെ 01:44ന് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് എക്‌സ്‌പ്രസ് (01154) മുംബൈയിലേക്ക് തിരിക്കും. അന്നേദിവസം രാവിലെ 10:35ന് ഈ ട്രെയിന്‍ മുംബൈയില്‍ എത്തും. ദാദർ, താനെ, വസായ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ഉള്ളതെന്ന് റെയില്‍വേ അറിയിച്ചു.
ബാന്ദ്ര ടെർമിനസ്, മുംബൈ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്നും രാത്രി 11:45, 11:55 എന്നീ സമയങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ബാന്ദ്രയില്‍ നിന്നുള്ള ട്രെയിന്‍ നാളെ (നവംബര്‍ 19) രാവിലെ 7:20ന് അഹമ്മദാബാദിലെത്തും. 20ന് പുലര്‍ച്ചെ 01:44നാണ് ട്രെയിന്‍ ബാന്ദ്രയിലേക്ക് തിരിക്കുന്നത്. ദാദർ, ബോറിവാലി, പാൽഘർ, വാപി, വൽസാദ്, നവസാരി, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് ഈ സ്പെഷ്യല്‍ സര്‍വീസിന് സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
മുംബൈ സെന്‍ട്രലില്‍ നിന്നും രാത്രി 11:55ന് തിരിക്കുന്ന ട്രെയിന്‍ മത്സരദിവസം രാവിലെ 8:45നാണ് അഹമ്മദാബാദില്‍ എത്തുന്നത്. ബോറിവാലി, വാപി, വൽസാദ്, നവസാരി, സൂറത്ത്, ബറൂച്ച്, വഡോദര എന്നിവിടങ്ങളില്‍ സ്റ്റോപ്പുള്ള ഈ ട്രെയിന്‍ ഫൈനല്‍ കഴിഞ്ഞ് നവംബര്‍ 20ന് പുലര്‍ച്ചെ 6:20നാണ് മുംബൈയിലേക്ക് തിരിക്കുന്നത്.
Also Read : 'ടീം ഇന്ത്യയും മൈറ്റി ഓസീസും'... കലാശപ്പോരില്‍ കപ്പ് തൂക്കാൻ കരുതിയിരിക്കേണ്ടത് ഇവരെ...