ന്യൂഡല്‍ഹി : കശ്‌മീരിലെ പി.എ.ജി.ഡി ( പീപ്പിള്‍സ് അലൈന്‍സ് ഫോര്‍ ഗുപ്‌കാര്‍ ഡിക്‌ളറേഷന്‍) നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെ സി.പി.എം. അതിർത്തി നിർണയ കമ്മിഷന്‍റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്‌ദുള്ള, മെഹബൂബ മുഫ്ത്തി, ഒമർ അബ്‌ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയതിനെ അപലപിച്ചാണ് സിപിഎം രംഗത്തെത്തിയത്.
''കശ്‌മീരില്‍ നിര്‍ദയമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ഡലാതിര്‍ത്തി നിർണയ കമ്മിഷന്‍റെ നിർദേശങ്ങൾക്കെതിരായ പി.എ.ജി.ഡിയുടെ പരസ്യ പ്രതിഷേധം തടയാനാണ് രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്. ഈ നേതാക്കളെ ഡൽഹിയിലേക്ക് ഫോട്ടോ എടുക്കാൻ മോദി ക്ഷണിക്കുകയുണ്ടായി. വലിയ വാഗ്‌ദാനങ്ങൾ നൽകി പിന്നാലെ അറസ്റ്റ് ചെയ്യുന്നു.'' സി.പി.എം അപലപന കുറിപ്പില്‍ വ്യക്തമാക്കി.
മണ്ഡല പുനർനിർണയം നടത്തി നിയമസഭ സീറ്റുകൾ വർധിപ്പിക്കാനാണ് അതിർത്തി നിർണയ കമ്മിഷന്‍ കരട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇതിനെതിരെ കുത്തിയിരിപ്പ് സമരം നടത്താന്‍ ഗുപ്‌കാര്‍ സഖ്യം തീരുമാനിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് നേതാക്കളെ തടങ്കലിലാക്കിയത്. എൻ.സി, പി.ഡി.പി, പീപ്പിൾസ് മൂവ്‌മെന്‍റ്, സി.പി.എം, അവാമി നാഷണൽ കോൺഫറൻസ് എന്നിവരാണ് പി.എ.ജി.ഡിയിലെ പ്രധാന കക്ഷികള്‍.