അഗർത്തല: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചതായി സിപിഎം. അഗര്‍ത്തലയിലെ 14, 15, 16, 20, 43 വാർഡുകളിലെ ഇടതുസ്ഥാനാർഥികളെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തി സ്ഥാനാർഥിത്വം പിൻവലിപ്പിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പിന്തുണയോടെ അക്രമം നടന്നതെന്നും സിപിഎം പറയുന്നു. ഇടതുമുന്നണിയിലെ ചില സ്ഥാനാർഥികളുടെ വീടുകൾ തകർത്തതായും സ്ഥാനാർഥികൾക്ക് നേരെ ആക്രമണമുണ്ടായതായും പരാതിയുണ്ട്. വാർഡ് നമ്പർ 48ലെ ഇടതുമുന്നണി സ്ഥാനാർഥിയുടെ നിർദേശകനായ നിബിർ ചക്രവർത്തിക്ക് മാരകമായി പരിക്കേറ്റു. നിബിർ ചക്രവർത്തിയെ ചികിത്സക്കായി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
തെരഞ്ഞെടുപ്പ് സ്വതന്ത്രമായും സമാധാനപരമായും നടത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ സിപിഎം ഭരണകക്ഷിയുടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളും ഫാസിസ്റ്റ് ഭീകരവാദവും തടയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു.
Also Read: കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിലെ അഴിമതി; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം