ന്യൂഡൽഹി: ഇന്ധനവില വര്‍ധനവ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. റൂള്‍ 267 പ്രകാരം സഭ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മാര്‍ച്ച് 22നാണ് നാല് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്.
ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.21 രൂപയും ഡീസൽ ലിറ്ററിന് 87.47 രൂപയുമാണ്. മാർച്ച് 14 ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പകുതിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധന വിലവർധനവിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭയും ലോക്‌സഭയും നിർത്തിവെച്ചിരുന്നു.
ALSO READ: ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള രാജ്യ തലസ്ഥാനം ; കുപ്രസിദ്ധിയില്‍ മുന്‍പില്‍ ഡൽഹി
പാചക വാതക വിലവർധനവിനെതിരെയും ഇന്ധന വിലവർധനവിനെതിരെയും പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാർ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിലും ബുധനാഴ്‌ച പ്രതിഷേധിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം പകുതി മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ 8 ന് അവസാനിക്കും. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ പകുതി ജനുവരി 31 ന് ആരംഭിച്ച് ഫെബ്രുവരി 11 ന് സമാപിച്ചിരുന്നു.