ന്യൂഡൽഹി: കശ്മീരിലെ രാഷ്ട്രീയ കൂട്ടായ്മയായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനെക്കുറിച്ച് (പിഎജിഡി) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാക്കൾ. അമിത് ഷാ ഇത്തരം മോശമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും പ്രതിപക്ഷ പാർട്ടികളെ ബഹുമാനിക്കണമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളെ ദേശവിരുദ്ധരെന്ന് വിളിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടി പോരാടുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഒരു കൂട്ടായ്മയാണിതെന്ന് അദ്ദേഹം മനസിലാക്കണം- ഡി. രാജ പറഞ്ഞു.
പിഎജിഡിയെ 'ഗുപ്കർ ഗാങ്' എന്ന് അമിത് ഷാ വിളിച്ചിരുന്നു. ജമ്മു കശ്മീരിലെ പാർട്ടികളുമായി സഖ്യമുണ്ടാക്കിയതിന് പ്രതിപക്ഷ പാർട്ടികളെ പ്രധാനമായും കോൺഗ്രസിനെ ആഭ്യന്തരമന്ത്രി അമിച് ഷാ വിമർശിച്ചു. ജമ്മു കശ്മീരിൽ വിദേശ സേന ഇടപെടണമെന്ന് പിഎജിഡി ആഗ്രഹിക്കുന്നുവെന്നും ദേശീയ താൽപ്പര്യത്തിനെതിരായ ഒന്നും ഇന്ത്യയിലെ ജനങ്ങൾ സഹിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം, വരാനിരിക്കുന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനെ ബിജെപി ഭയക്കുന്നുവെന്നും അതിനാലാണ് അവർ ഇത്തരം രാഷ്ട്രീയകളികളിൽ ഏർപ്പെടുന്നതെന്നും രാജ പറഞ്ഞു. ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബിജെപി നേരത്തെ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികളും കോൺഗ്രസും തമ്മിൽ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താനാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺഗ്രസ് സാമുദായിക ശക്തികൾക്കെതിരെ പോരാടണമെന്ന് രാജ പറഞ്ഞു.