ജയ്‌പൂർ : കുവൈറ്റിലേക്ക് ചാണകം കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. പ്രകൃതിദത്ത വളമായ ചാണകം കുവൈറ്റിലെ ജൈവകൃഷിക്കായാണ് കയറ്റുമതി ചെയ്യുന്നത്. കുവൈറ്റിൽ നിന്ന് 192 മെട്രിക് ടണ്ണിന്‍റെ ഓർഡർ ലഭിച്ചതായി ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്‍റ് ഡോ.അതുൽ ഗുപ്‌ത പറഞ്ഞു.
ജൂൺ15 ന് കനക്‌പുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ആദ്യ ചരക്ക് പുറപ്പെടും. ഇത് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച് കുവൈറ്റിലേക്ക് കയറ്റി അയയ്ക്കും. ടോങ്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ പിൻജ്രപോലെ ഗോശാലയിലെ സൺറൈസ് ഓർഗാനിക് പാർക്കിലാണ് ചാണകത്തിന്‍റെ പാക്കിംഗ് നടക്കുന്നത്.
മൃഗ ഉത്പന്നങ്ങളുടെ കയറ്റുമതി : ഇന്ത്യൻ കാർഷിക മേഖലയുടെ പ്രധാന സംഭാവനയാണ് മൃഗ ഉത്പന്നങ്ങളുടെ കയറ്റുമതി. മാംസം, കോഴികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, മൃഗങ്ങളുടെ തോൽ, പാല്‍ - പാലുത്പന്നങ്ങള്‍, തേൻ എന്നിവ കയറ്റുമതിയിൽ ഉൾപ്പെടുന്നവയാണ്. 2020-21ൽ ഇന്ത്യയില്‍ നിന്നുള്ള മൃഗോത്പന്നങ്ങളുടെ കയറ്റുമതി ഏകദേശം 27,155.56 കോടി രൂപയുടേതായിരുന്നു. ജൈവ വളങ്ങള്‍ക്ക് ആവശ്യക്കാരേറുന്നതിനാല്‍ ചാണകത്തിന്‍റെ കയറ്റുമതിക്കും കളമൊരുങ്ങി.
ചാണകത്തിന്‍റെ പ്രാധാന്യം : ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷമാണ്, പ്രതിദിനം 30 ലക്ഷം ടൺ ചാണകമാണ് ലഭ്യമാകുന്നത്. ഇതിന്‍റെ മുപ്പത് ശതമാനവും ചാണക വരളിയുണ്ടാക്കി കത്തിക്കുന്നു. എന്നാല്‍ ബ്രിട്ടനിൽ പ്രതിവർഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഡോ.ഗുപ്‌ത വിശദീകരിക്കുന്നു.
വളം എന്ന നിലയിൽ ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളർച്ചാ ഉത്തേജകമാണ്. ചാണകത്തിന്‍റെ പ്രാധാന്യം വിദേശികൾ നന്നായി മനസിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലമായാണ് പല രാജ്യങ്ങളും ചാണകത്തിൽ നിന്ന് ഉണ്ടാക്കുന്ന ജൈവവളം ധാരാളമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യത്തിന് ചാണകം ലഭ്യമല്ലാത്തതിനാൽ അവർ ഇന്ത്യയിൽ നിർമിക്കുന്ന ജൈവവളം (വെർമി കമ്പോസ്റ്റ്) ഇറക്കുമതി ചെയ്യാൻ തുടങ്ങി. അമേരിക്ക, നേപ്പാൾ, കെനിയ, ഫിലിപ്പീൻസ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ പ്രതിവർഷം ദശലക്ഷക്കണക്കിന് ടൺ ജൈവ വളങ്ങൾ ഇന്ത്യയിൽ നിന്ന് ഓർഡർ ചെയ്യാൻ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.