ഗാന്ധിനഗര്‍: ഗുജറാത്തിലെ നവസാരി പ്രദേശത്ത് പാല്‍ വാങ്ങി തിരിച്ചു വരവെ സ്കൂട്ടറില്‍ പശു ഇടിച്ച് യുവതിക്ക് പരിക്ക്. വസന്ദ വിഹാര്‍ സൈസൈറ്റിയിലെ താമസക്കാരിയായ മൊണാലി ദേശായിക്കാണ് ഇടതുകാലിന് പരിക്കേറ്റത്. രാവിലെ പാല്‍ വാങ്ങി തിരിച്ച് സ്കൂട്ടറില്‍ വരുമ്പോള്‍ പശുക്കുട്ടി റോഡിന് കുറുകെ ചാടുകയായിരുന്നു. നായകള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പശുക്കുട്ടി റോഡിലുടെ ഓടുന്നത് വീഡിയോയിലുണ്ട്. ഇതിനിടെ ഇതുവഴി വന്ന യുവതിയുടെ സ്കൂട്ടര്‍ പശുവിനെ ഇടിക്കുകയും നിയന്ത്രണം വിട്ട് വീഴുകയുമായിരുന്നു.
എന്നാല്‍ ഇക്കാര്യം ഇവര്‍ പശുവിന്‍റെ ഉടമയെ അറിയിച്ചെങ്കിലും ഇയാള്‍ കയര്‍ത്തതായും ഇവര്‍ പറഞ്ഞു. പശു തെരുവില്‍ അലഞ്ഞ് നടക്കുകയാണെന്നും ഇതിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സമ്മതിച്ചില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഇതോടെ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പശു ഉടമക്കൊപ്പം മുനിസിപ്പല്‍ പ്രസിഡന്‍റ്, മിസിപ്പാലിറ്റി എക്സിക്യുട്ടീവ് ചെയര്‍മാന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.