പൂനെ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് നാലോ അഞ്ചോ മാസത്തിനുള്ളിൽ വിപണിയിലെത്തിക്കുമെന്ന് സിഇഒ അദാർ പൂനവാല. സർക്കാർ ആശുപത്രികൾക്ക് ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയും എന്ന നിലയ്ക്കാണ് വാക്‌സിൻ വിതരണം ചെയ്യുക. കമ്പനിയുടെ ശേഷിയുടെ 50% ഇന്ത്യാ ഗവൺമെന്‍റിന്‍റെ വാക്സിനേഷൻ പ്രോഗ്രാമിനും ശേഷിക്കുന്ന 50% സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ കൊവിഷീൽഡ് വിതരണം ചെയ്യുന്നത്. അമേരിക്കൻ വാക്സിനുകൾ ഒരു ഡോസിന് 1,500 രൂപയ്ക്ക് മുകളിലാണ്. റഷ്യൻ, ചൈനീസ് വാക്സിനുകൾ ഒരു ഡോസിന് 750 രൂപയ്ക്ക് മുകളിലാണെന്നും എസ്ഐഐ പ്രസ്‌താവനയിൽ അറിയിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ പങ്കാളിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.