മുംബൈ: കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി അസ്‌ലം ഷെയ്ഖ്. കൂടാതെ ഹരിദ്വാറിലെ പ്രശസ്‌തമായ മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്കായുള്ള കൊവിഡ് മാർഗനിർദേശങ്ങളെക്കുറിച്ചും തീരുമാനം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളുമായും വ്യവസായ അംഗങ്ങൾ, കൊവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ എന്നിവരുമായും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചർച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞയാഴ്‌ച നടന്ന സർവകക്ഷി യോഗത്തിൽ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ നൽകിയിരുന്നു.
കൊവിഡ് സെന്‍ററുകളിലേക്ക് 5,300 കിടക്കകൾ കൂടി നൽകും. അതിൽ 70 ശതമാനം കിടക്കകളിൽ വെന്‍റിലേറ്റർ സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പരിശോധനയുടെ തോത് വർധിച്ചതാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം അധികരിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്‌ച 63,294 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കായിരുന്നു ഇത്. എന്നാൽ പരിശോധനയുടെ നിരക്ക് കുറവായതിനാൽ തിങ്കളാഴ്‌ച ഇത് 51,751 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 58,245 ആണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധന നിരക്ക് കൂടുതലായതിനാൽ സ്വാഭാവികമായും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നും മന്ത്രി പ്രതികരിച്ചു.