ന്യൂഡൽഹി: രാജ്യത്ത് വാക്‌സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍. ആസൂത്രണത്തിലെ പിഴവാണ് പ്രശ്‌നം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇപ്പോഴും 1.67 കോടി വാക്‌സിൻ ഡോസുകൾ ലഭ്യമാണെന്നും രാജേഷ് ഭൂഷൻ അറിയിച്ചു. ഏറ്റവും ഫലപ്രദമായി വാക്‌സിൻ ഉപയോഗിക്കുന്ന സംസ്ഥാനം കേരളം ആണ്. മറ്റ് സംസ്ഥാനങ്ങളിൽ വാക്‌സിൻ പാഴാക്കുന്നതിന്‍റെ തോത് 8-9 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു.
Read More:രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ 1.61 ലക്ഷം കവിഞ്ഞു
ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 13,10,90,370 വാക്‌സിൻ ഡോസുകളാണ് നൽകിയത്. അതിൽ പാഴായി പോയത് ഉൾപ്പടെ ആകെ ഉപയോഗിച്ചത് 11,43,69,677 ഡോസുകളാണ് ഉപയോഗിച്ചത്. ചൊവ്വാഴ്‌ച രാവിലെ 11 മണിവരെയുള്ള കണക്കുകൾ പ്രകാരം 1,67,20,693 ഡോസുകൾ ഇനി ഉപയോഗിക്കാനുണ്ട്. ഏപ്രിൽ അവസാനം വരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി 2,01,22,960 ഡോസുകൾ വിതരണം ചെയ്യുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read More:സ്‌പുട്‌നിക് വാക്സിന്‍ വിതരണം മെയ് മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍
വലിയ സംസ്ഥാനങ്ങൾക്ക് നാലുദിവസത്തേക്കുള്ള വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം വീണ്ടും ഡോസ് വിതരണം ചെയ്യും. ചെറിയ സംസ്ഥാനങ്ങൾക്ക് 7-8 ദിവസത്തേക്കുള്ള വാക്‌സിനുകളാണ് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലെ വിവിധ കോൾഡ് ചെയിൻ പോയിന്‍റുകളിൽ എത്രത്തോളം വാക്‌സിനുകൾ ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്ന് കണ്ടത്തി അവ പുനർവിതരണം ചെയ്യേണ്ടതുണ്ടെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
കൊവിഡ് കേസുകൾ വർധിക്കുന്ന പ്രവണതായാണ് രാജ്യത്ത്. ഇതുവരെ ഉള്ള ഏറ്റവും വലിയ പ്രതിദിന വർധനവ് 1,61,736 ആണ്. ദൈനംദിന മരണങ്ങളും വർധിക്കുകയാണ്. കേസുകൾ ഉയരുന്നത് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ 53 ജില്ലകളിലായി കേന്ദ്ര ടീമുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര, യുപി, ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി രൂക്ഷമാണെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.
സാഹചര്യം കൂടുതൽ ഗുരുതരമാകാൻ തുടങ്ങുകയാണെന്ന് നീതി ആയോഗ് ആംഗം (ആരോഗ്യം) വികെ പോൾ പറഞ്ഞു. കുറച്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായാലും അത് രാജ്യത്തെ ആകമാനം ബാധിക്കും. പരിശോധന, സമ്പർക്കം കണ്ടെത്തുക, ചികിത്സിക്കുക എന്ന രീതിയിൽ മുന്നോട്ട് പോണം. കൊവിഡ് ചട്ടങ്ങൾ പാലിക്കുകയും വാക്‌സിൻ സ്വീകരിക്കുകയും വേണം. ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ഥിതി ഗുരുതരമായ രോഗികൾക്കാണ് റിമെഡെസിവിർ മരുന്നിന്‍റെ ആവശ്യം. ചിലയിടങ്ങളിൽ റിമെഡെസിവിറിന്‍റെ ക്ഷാമം നേരിട്ടതിനാൽ മരുന്നിന്‍റെ കയറ്റുമതി നിരോധിച്ചതായും വികെ പോൾ അറിയിച്ചു. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ആയുഷ് ഉത്പന്നങ്ങൾ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.