ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിന്‍ നിര്‍മാണം പ്രതിദിനം 2.5 ലക്ഷം ഡോസില്‍ നിന്ന് 40 ലക്ഷം ഡോസായി ഉയര്‍ത്തിയെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ ഭാരതി പ്രവീണ്‍ പവാര്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ ട്രയല്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
തുടക്കത്തില്‍ രണ്ടര ലക്ഷം വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നിര്‍മിച്ച് കൊണ്ടിരുന്നത്. ഇന്ന് പ്രതിദിനം 40 ലക്ഷമാണ് നിര്‍മിക്കുന്നത്. ഇത്തരത്തില്‍ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ മികച്ച രീതിയില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ സാധിക്കുമെന്ന് പവാര്‍ പറഞ്ഞു.
Also read: സെറത്തിന്‍റെ കോവോവാക്‌സ് ഒക്‌ടോബറിൽ ; കുട്ടികള്‍ക്കുള്ളത് 2022 ന്‍റെ ആദ്യപാദത്തില്‍
രാജ്യത്തെ വാക്‌സിന്‍ വിതരണം 50 കോടി കടന്നത് അഭിമാനകരമാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് നിര്‍ണായകമാണെന്ന സന്ദേശമാണ് സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ നല്‍കുന്നത്. ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാര്യക്ഷമത, രോഗപ്രതിരോധ ശക്തി ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് കൊണ്ട് തന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍റെ ട്രയലുകള്‍ നടക്കുകയാണ്. ഇത് ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.