ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട കൗമാരക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 15നും 18നും ഇടയിൽ പ്രായമുള്ള 7,40,57,000 പേരുണ്ടെന്ന് കേന്ദ്രം ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍റെ അടുത്ത ഘട്ടം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്‌സിന്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. അദ്ദേഹം സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി.
ALSO READ: ജാർഖണ്ഡില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോളിന് സബ്‌സിഡി, 25 രൂപ കുറയും
ശാസ്ത്രീയ തെളിവുകളുടെയും ആഗോളതലത്തില്‍ മികച്ചതുമായ രീതിയിലൂടെ കൊവിഡ് പ്രതിരോധത്തില്‍ ഇടപെടേണ്ടതുണ്ട്. ഒമിക്രോണ്‍ അടക്കമുള്ളവ കണക്കിലെടുത്ത് വാക്‌സിനേഷന്‍ പ്രക്രിയ പരിഷ്‌കരിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.
ഇ.ടി.വി ഭാരതിന് ലഭ്യമായ കണക്ക് പ്രകാരം ഉത്തർപ്രദേശില്‍ 15-18 വയസിനിടയിലുള്ള 1,40,14,000 പേരാണുള്ളത്. ബിഹാര്‍- 83,46,000, മഹാരാഷ്ട്ര- 60,63,000 എന്നിങ്ങനെയുമുണ്ട്.