അമരാവതി: നാലുദിവസത്തെ 'ടിക്ക ഉത്സവ'ത്തിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശിൽ 45 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകി.
ആന്ധ്രയിലെ കൃഷ്‌ണ ജില്ലയിലുടനീളം 72,136 ഡോസ് വാക്‌സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ (പിഎച്ച്സി) വാക്‌സിനേഷൻ പ്രക്രിയ നടക്കുന്നതായും ജില്ലാ സബ് കലക്‌ടർ ജെ മാധവിലത പറഞ്ഞു. 10,124 ഡോസുകൾ വിജയവാഡ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ 29 നഗര പിഎച്ച്സികളിലും കുടുംബക്ഷേമ കേന്ദ്രങ്ങളിലും നൽകുന്നുണ്ടെന്നും സബ് കലക്‌ടർ കൂട്ടിച്ചേർത്തു.
അതേസമയം, ആന്ധ്രപ്രദേശിൽ വാക്‌സിനുകളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഏപ്രിലിൽ ഒരു കോടി വാക്‌സിനുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. അതിനെ തുടർന്ന് ഏപ്രിൽ 12 ന് സംസ്ഥാന സർക്കാരിന് 4.4 ലക്ഷം ഡോസ് വാക്‌സിനും ഏപ്രിൽ 13 ന് രണ്ട് ലക്ഷം ഡോസ് വാക്‌സിനും ലഭിച്ചു.
പരമാവധി കൊവിഡ് ബാധിതരിലേക്ക് വാക്‌സിൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാല് ദിവസത്തെ വാക്‌സിനേഷൻ പദ്ധതി ടിക്ക ഉത്സവം ഞായറാഴ്‌ച ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 7 മണി വരെയുള്ള റിപ്പോർട്ട് പ്രകാരം ആകെ 11,11,79,578 ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ നൽകാൻ കഴിഞ്ഞെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതൽ വായനക്ക്: വാക്സിനേഷനെ 'ടിക്കാ ഉത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി