ന്യൂഡൽഹി: കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യ. നിലവിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് രാജ്യത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നും ബിജെപി പാർലമെന്‍ററി യോഗത്തിൽ മാണ്ടവ്യ പറഞ്ഞു. നിലവിൽ, 18 വയസോ അതിൽ കൂടുതലോ ഉള്ളവർക്ക് മാത്രമേ കൊവിഡ് വാക്സിൻ നൽകുന്നുള്ളൂ.
12-18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ ജൂലൈ അവസാനമോ ഓഗസ്റ്റിലോ ആരംഭിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പദ്ധതി വേഗത്തിലാക്കുന്നത്.
also read:ലക്ഷദ്വീപിൽ മദ്രസ പൊളിക്കാനുള്ള നീക്കത്തിന് സ്റ്റേ ; വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കോവാക്‌സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്‌സിന്‍റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്നും എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു. സൈഡസ് കാഡില പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുളള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോവാക്‌സിന്‍റെ പരീക്ഷണം ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കും. അപ്പോഴേക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കണം. ഫൈസറിന് യുഎസ് ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രണ്‍ദീപ് ഗുലേറിയ കൂട്ടിച്ചേർത്തു.