ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഉയര്‍ത്തി. 11,59,032 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 13 കോടി കഴിഞ്ഞു. 13,48,41,307 സാമ്പിളുകളാണ് വിവിധ സംസ്ഥാനങ്ങളിലായി പരിശോധിച്ചത്. 2020 ജനുവരി മുതല്‍ സാമ്പിള്‍ പരിശോധനകളുടെ എണ്ണത്തില്‍ വൻ വര്‍ധവനവുണ്ടായിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പിലൂടെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വഴി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്‌ക്കാനായി. 6.84 ആണ് ഇപ്പോഴത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിരക്ക് കുറഞ്ഞുവരുന്നത് രാജ്യത്ത് പരിശോധനകള്‍ കൂടി എന്നതിന് തെളിവാണ്. ബുധനാഴ്‌ച നിരക്ക് 3.83 വരെ എത്തിയിരുന്നു. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് പരിശോധനകള്‍ കൂടാൻ കാരണം. 1167 സര്‍ക്കാര്‍ ലാബുകളിലും 971 പ്രൈവറ്റ് ലാബുകളിലും അടക്കം പ്രതിദിനം 2138 ലാബുകളിലാണ് കൊവിഡ് പരിശോധനകള്‍ നടക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
4,44,746 പേരാണ് രാജ്യത്ത് കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. ആകെ റിപ്പോര്‍ട്ട് ചെയ്‌ത രോഗികളില്‍ 4.81 ശതമാനം മാത്രമാണിത്. 93.72 ശതമാനം പേരും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,816 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 86,42,771 ആയി. ഒടുവില്‍ രോഗമുക്തി നേടിയവരില്‍ 77.53 ശതമാനം പേരും പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 5149 പേരാണ് കൊവിഡ് മുക്തരായത്. ഡല്‍ഹില്‍ 4943 പേരും മഹാരാഷ്‌ട്രയില്‍ 4086 പേരും രോഗമുക്തി നേടി. റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ രോഗികളില്‍ 76.51 ശതമാനം പേരും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് (6224). മഹാരാഷ്‌ട്രയില്‍ 5439 പേര്‍ക്കും കേരളത്തില്‍ 5420 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 481 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്.