ന്യൂഡൽഹി: നിലവിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം നേരിടാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കേന്ദ്രത്തോടും കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
പകർച്ചവ്യാധി കൂടുതൽ വഷളായ ഡൽഹി, ഗുജറാത്ത്, മഹാരാഷ്‌ട്ര,അസം സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയത്. ഗുജറാത്തിലെ സ്ഥിതി നിയന്ത്രണാതീതമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിനോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
സ്ഥിതിഗതികൾ ലഘൂകരിക്കാനും വർദ്ധിച്ചുവരുന്ന കൊവിഡ് കൈകാര്യം ചെയ്യാനും കേന്ദ്രവും സംസ്ഥാനങ്ങളും പരിശ്രമിക്കണമെന്ന് ജസ്റ്റിസുമാരായ ആർ.എസ് റെഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കൊവിഡ് രോഗികളെ ശരിയായ രീതിയിൽ ചികിത്സിക്കുന്നതിനും ആശുപത്രികളിൽ മൃതദേഹങ്ങൾ മാന്യമായി കൈകാര്യം ചെയ്യുന്നതും സംബന്ധിച്ച കേസ് പരിഗണിച്ച കോടതി നവംബർ 27ന് വാദം കേൾക്കുന്നതിനായി മാറ്റി.