ന്യൂഡൽഹി : വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിഴ ഇടാക്കാൻ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് തീരുമാനിച്ചതായി റിപ്പോർട്ട്. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ 500 രൂപ പിഴ ചുമത്താനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഡിഡിഎംഎ ബുധനാഴ്‌ച യോഗം ചേർന്നിരുന്നു. സ്‌കൂളുകൾ തുറന്നിരിക്കുന്നത് തുടരാനാണ് തീരുമാനം. കൂടാതെ കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാൻ ഡിഡിഎംഎ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 632 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിനമാണ് ഡൽഹിയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തിങ്കളാഴ്‌ച 7.72 ശതമാനത്തിൽ നിന്ന് 4.42 ശതമാനമായി കുറഞ്ഞു.
ദിവസേനയുള്ള കേസുകൾ കുറഞ്ഞതിനാൽ മൂന്നാഴ്‌ച മുൻപാണ് ഡൽഹിയിൽ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ എടുത്ത് മാറ്റാൻ ഡിഡിഎംഎ ഉത്തരവിട്ടത്. എന്നിരുന്നാലും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് തുടരാൻ നിർദേശം നൽകിയിരുന്നു.