ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കഴിഞ്ഞ മൂന്ന് ദിവസത്തെ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 10 ദിവസത്തെ ശരാശരിയേക്കാൾ താഴെയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ഇതൊരു ശുഭസൂചനയാണെന്നും, വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: ഡൽഹിയിൽ 15,377 പേർ കൊവിഡ് ബാധിച്ച് മരിച്ചു
അതേസമയം 18 മുതല്‍ 45 വയസ് വരെയുള്ളവരുടെ കൊവിഡ് വാക്സിനേഷന്‍ മെയ് 1 മുതല്‍ ആരംഭിക്കുമെന്ന് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം ഉണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,986 പുതിയ കേസുകളും, 368 മരണങ്ങളുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ സജീവ കേസുകളുടെ എണ്ണം 99,752 ആയി. 81,829 ടെസ്റ്റുകളാണ് ഒറ്റദിവസം നടത്തിയത്. 31.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15,377 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്.