ഹൈദരാബാദ്: റമദാൻ മാസത്തിൽ ഹൈദരാബാദിലെ മുസ്ലിം പള്ളികളിൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദേശം. റമദാൻ മാസം ആരംഭിച്ച സാഹചര്യത്തിൽ നിരവധി പേരാണ് ദിനംപ്രതി മസ്‌ജിദുകളിലെത്തുന്നത്.
ആളുകൾ കർശനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മക്കാ മസ്‌ജിദ് മാനേജ്‌മെന്‍റും സംസ്ഥാന സർക്കാരും വിശ്വാസികളോട് ആവശ്യപ്പെട്ടു. മസ്‌ജിദിനുള്ളിലും പരിസരത്തും കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഹാഫിസ് മുഹമ്മദ് ഹനീഫ് പറഞ്ഞു.
മസ്‌ജിദിൽ നിസ്കാരത്തില്‍ പങ്കെടുക്കാനെത്തുന്നവർ മാസ്‌ക്കുകൾ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പള്ളിയുടെ പരിസരത്ത് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മസ്‌ജിദിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മസ്‌ജിദിനുള്ളിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ നിർദേശം ലഭിച്ചാൽ അത്തരമൊരു തീരുമാനത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.