കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും, മരുന്നുകള്‍ക്കുമുള്ള എല്ലാത്തരം നികുതികളും കസ്റ്റംസ് തീരുവയും എഴുതിത്തള്ളണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആരോഗ്യ വ്യവസ്ഥകള്‍ ശക്തിപ്പെടുത്തണമെന്നും, കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർദ്ധിപ്പിക്കണമെന്നും മമത മോദിയോട് ആവശ്യപ്പെട്ടു.
Also Read: ഇന്ത്യയിൽ 4,03,738 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,092 മരണം
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, കണ്ടെയ്നറുകൾ, കൊവിഡുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവ സംഭാവന ചെയ്യാൻ ധാരാളം സംഘടനകളും വ്യക്തികളും ഏജൻസികളും മുന്നോട്ട് വന്നതായി മമത കത്തില്‍ സൂചിപ്പിച്ചു. അതിനായി കസ്റ്റംസ് തീരുവ, എസ്ജിഎസ്ടി, സിജിഎസ്ടി, ഐജിഎസ്ടി എന്നിവയിൽ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കാൻ ദാതാക്കളിൽ പലരും സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അവർ കത്തിൽ പറഞ്ഞു. ഇത്തരം കാര്യങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പരിധിയില്‍ വരുന്ന കാര്യങ്ങളായത് കൊണ്ട് ഇക്കാര്യം പരിഗണിക്കണമെന്ന് മമത കത്തില്‍ എഴുതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടെന്നാരോപിച്ച് മമത മോദി സര്‍ക്കാരിനെതിരെ കടന്നാക്രമിക്കുകയായിരുന്നു.