ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ നാലാം തരംഗം ജൂൺ 22ഓടെ ആരംഭിച്ചേക്കാമെന്ന് പഠനം. നാലാം തരംഗം ഓഗസ്റ്റ് പകുതിയോടെ ഉച്ചസ്ഥായിയിലെത്തി ഓഗസ്റ്റ് അവസാനം വരെ തുടർന്നേക്കാമെന്ന് ഐഐടി കാൺപൂർ തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. നാല് മാസം വരെ നീണ്ടുനിന്നേക്കാവുന്ന നാലാം തരംഗം ഒക്‌ടോബർ അവസാനിക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.
ഐഐടി കാൺപൂരിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പർഷാദ് രാജേഷ്ഭായി, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവരുടെ പഠനത്തിനായി സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ് ഉപയോഗിച്ചത്.
നാലാമത്തെ തരംഗത്തിന്‍റെ തീവ്രത പുതിയ കൊവിഡ് വകഭേദത്തിനുള്ള സാധ്യതയേയും രാജ്യത്തെ വാക്സിനേഷനെയും ആശ്രയിച്ചിരിക്കുമെന്ന് ഗവേഷകർ പറയുന്നു. 2022 ഫെബ്രുവരി 3ഓടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഇതേ ഗവേഷണ സംഘം നേരത്തെ പ്രവചിച്ചിരുന്നു. തീയതികളിൽ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു.
ഒമിക്രോൺ അവസാനത്തെ കൊവിഡ് വകഭേദമായിരിക്കില്ലെന്നും അടുത്ത വകഭേദം ഒമിക്രോണിനേക്കാൾ കൂടുതൽ പകർച്ചവ്യാധി ശേഷിയുള്ളതായിരിക്കുമെന്നും ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
പല രാജ്യങ്ങളിലും കൊവിഡ് മൂന്നാം തരംഗം കഴിഞ്ഞുവെന്നും ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളിൽ നാലാം തരംഗം തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. സിംബാബ്‌വേയുടെ കൊവിഡ് കണക്ക് ഉപയോഗിച്ചാണ് ഇന്ത്യയിലെ കൊവിഡ് മൂന്നാം തരംഗം പ്രവചിച്ചത്. ഇന്ത്യയിലെ മൂന്നാം തരംഗം അവസാനിക്കുമ്പോൾ പ്രവചനം ശരിയായിരുന്നുവെന്ന് വ്യക്തമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.