ബെംഗളൂരു (കർണാടക) : കർണാടകയിൽ ജെഎൻ 1 കൊവിഡ് ബാധിച്ച് 3 മരണം ( Three people died of Covid in Karnataka ). 125 പേർക്ക് ജെഎൻ 1 ബാധ സ്ഥിരീകരിച്ചു. ഹാസൻ, ദക്ഷിണ കന്നഡ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒരാൾ വീതം മരിച്ചതായാണ് റിപ്പോർട്ട്. 436 രോഗികളിൽ 400 പേർ ഹോം കെയറിലും 36 പേർ ആശുപത്രിയിലും ചികിത്സയിലാണ്. ജനറൽ വാർഡിൽ 29 രോഗികളുണ്ട്, ഏഴ് രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരു നഗരത്തിൽ 94 കേസുകളും മൈസൂരിൽ 13 പേരും ദക്ഷിണ കന്നഡയിലും ഹാസനിലും അഞ്ച് വീതവും വിജയനഗറിലും ഷിമോഗയിലും രണ്ട് കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രദുർഗ, ബെല്ലാരി, ചിക്കബല്ലാപ്പൂർ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്‌തത്.
പുതിയ വകഭേദത്തിൽ ഉള്ള കൊറോണ വൈറസ് ബാധിച്ച ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് ഹാസൻ ജില്ലയിലാണ്. വയോധികൻ മരിച്ചതിന് പിന്നാലെ കോവിഡ് വേരിയന്‍റ് ജെഎൻ 1 ന്‍റെ തിരിച്ചുവരവില്‍ ആശങ്ക ഉയരുകയാണ്. ചന്നരായപട്ടണ സ്വദേശിയായ ഇയാൾ മരിക്കുന്നതിന്, മുമ്പ് മറ്റ് അസുഖങ്ങൾ ബാധിച്ചിരുന്നതായാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മരണശേഷം ഇയാളുടെ തൊണ്ടയിലെ ശ്രവം പരിശോധനയ്ക്ക് അയച്ചു. അതിൽ പുതിയ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അതേസമയം ജില്ലയിൽ ജലദോഷവും പനിയും ബാധിച്ച് ചികിത്സതേടിയ അഞ്ച് രോഗികളിലും കൊവിഡ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. നിലവിൽ ഒരാൾ മരണപ്പെടുകയും നാല് പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയുമാണ്. മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
കൊവിഡ് അവലോകന മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്: സംസ്ഥാനത്തെ കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനാൽ, കർണാടക സർക്കാർ കൊവിഡ് മാനേജ്മെന്‍റിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് ചേരും. യോഗത്തിന് ശേഷം തുടർനടപടികൾ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ആരോഗ്യവകുപ്പ് ഇതിനകം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജെഎൻ 1 പടരുന്നത് തടയുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി. 60 വയസ്സിന് മുകളിലുള്ളവരോടും മറ്റ് രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരോടും മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിലവിൽ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെങ്കിലും സർക്കാർ പുതുവത്സരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല.
Also read : ആശങ്ക പടർത്തി രാജ്യത്തെ കൊവിഡ് നിരക്ക് ; 628 പുതിയ കേസുകൾ, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം