ബെംഗളൂരു: കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഹട്ടി ഗോൾഡ് മൈൻസ് ജീവനക്കാരുടെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങളുടെയും ചികിത്സാ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പരിസരത്ത് ഒരു കൊവിഡ് കെയർ സെന്റർ ആരംഭിക്കുമെന്ന് ഖനന, ജിയോളജി മന്ത്രി മുരുകേഷ് ആർ നിരാനി പറഞ്ഞു. കൊവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ക്യാമ്പ് സൈറ്റിൽ സ്ഥിതിചെയ്യുന്ന 120 കിടക്കകളുള്ള ഹട്ടി ഗോൾഡ് മൈൻസ് ഹോസ്പിറ്റലിലെ 40 കിടക്കകളെ ഓക്സിജൻ കിടക്കകളാക്കി മാറ്റാനും നിരാനി നിർദേശം നൽകി.
Read Also…. രണ്ട് കോടി കൊവിഡ് വാക്സിന്‍ ഡോസിന് ഓര്‍ഡര്‍ നല്‍കി കര്‍ണാടക
മറ്റൊരു കൊവിഡ് കെയര്‍ സെന്‍റര്‍ കൂടി പരിഗണനയില്‍
ഹട്ടിയിൽ മറ്റൊരു കൊവിഡ് കെയർ സെന്‍റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. രണ്ട് വഴികളാണ് അതിനുള്ളത്. ഹുട്ടി ഗോൾഡ് മൈൻസിലെ കമ്മ്യൂണിറ്റി ഹാളിനെ കൊവിഡ് കെയർ സെന്ററാക്കി മാറ്റുക . ഹുട്ടി ക്യാമ്പ് സൈറ്റിൽ നിന്ന് വളരെ അകലെയുള്ള കേന്ദ്ര വിദ്യാലയ കാമ്പസിൽ ഒരു കോവിഡ് കെയർ സെന്റർ സ്ഥാപിക്കുക എന്നതാണ് മറ്റൊരു വഴി. എന്നാല്‍ രണ്ടാമത്തേത് കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാൽ പ്രോട്ടോക്കോൾ പ്രശ്നങ്ങളുമുണ്ട്. ഇത്സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി താൻ ചർച്ചകൾ നടത്തിവരികയാണെന്നും എത്രയും വേഗം തീരുമാനമെടുക്കുമെന്നും നിരാനി പറഞ്ഞു.
ഖനന പ്രവർത്തനങ്ങൾ സ്തംഭിച്ചു
വൈറസ് ബാധയിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍തന്നെ അവരുടെ സുരക്ഷക്കായി ഹട്ടിയിലെ സ്വർണ്ണ ഖനന പ്രവർത്തനങ്ങൾ നിർത്തിവച്ചതായി മന്ത്രി അറിയിച്ചു. ഇത്തരത്തിലൊരു സമയത്ത് വരുമാനം ഉണ്ടാക്കുന്നതിനേക്കാൾ അവരുടെ ക്ഷേമത്തിലാണ് സർക്കാരിന് കൂടുതൽ താൽപ്പര്യമെന്നും മുരുകേഷ് ആർ നിരാനി പറഞ്ഞു.