മുംബൈ: മഹാരാഷ്ട്രയില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് വ്യാപനം. ഇന്ന് നാല് മരണവും 711 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇന്നലെ 463 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ നിലവിലുള്ള ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3532 ആയി ഉയർന്നു.
രണ്ട് ദിവസം മുൻപ് 248 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അതില്‍ നിന്ന് പെട്ടെന്ന് ദിനേനയുള്ള കേസുകളുടെ എണ്ണം 711 ആയി ഉയർന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് മരണം റിപ്പോർട്ട് ചെയ്‌തതില്‍ രണ്ട് മരണവും രത്നഗിരി ജില്ലയിലാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ രാജ്യത്ത് ഏപ്രില്‍ 13, 14 തീയതികളില്‍ ആരോഗ്യ വകുപ്പ് മോക്‌ഡ്രില്‍ നടത്താൻ തയ്യാറെടുക്കുന്നുണ്ട്.
അതിനിടെ ഡല്‍ഹിയില്‍ ഇന്ന് റിപ്പോർട്ട് ചെയ്‌തത് 527 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്. അതേസമയം ഇന്ന് ഇന്ത്യയില്‍ ആകെ 3,038 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആക്‌ടീവ് കേസുകളുടെ എണ്ണം 21,179 ആയി ഉയർന്നു. ഒൻപത് മരണങ്ങളും ഇന്ന് ഇന്ത്യയില്‍ ആകെ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയെ കൂടാതെ ഡല്‍ഹി, പഞ്ചാബ്, ജമ്മു കശ്‌മീർ, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.