ന്യൂഡൽഹി: ന്യൂഡൽഹിയില്‍ കൊവിഡ് -19 വാക്സിനേഷന്‍റെ മൂന്നാമത്തെ ഘട്ടം തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. 18 മുതല്‍ 45 വയസ്സിനിടയിലുള്ളവർക്കാണ് കുത്തിവയ്പ്പ് നൽകുക. സംസ്ഥാനത്ത് ഈ വിഭാഗത്തിൽ 90 ലക്ഷത്തോളം പേർ കുത്തിവയ്പ്പിന് അർഹരാണ്. 77 സ്കൂളുകളിൽ അഞ്ച് വാക്സിനേഷൻ ബൂത്തുകൾ വീതം സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തേ, അഞ്ഞൂറോളം കേന്ദ്രങ്ങളിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഇതുവരെ വാക്സിനുകൾ നൽകിയിരുന്നു. 18 മുതല്‍ 45 വയസ്സിനിടയിൽ പ്രായമുള്ളവര്‍ക്ക് മുന്‍കൂട്ടിയുള്ള ജിസ്ട്രേഷൻ നിർബന്ധമാണ്. പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലകളായ അപ്പോളോ, ഫോർട്ടിസ്, മാക്സ് എന്നിവ 18 മുതല്‍ 45 വയസ്സിനിടയിലുള്ളവർക്ക് ശനിയാഴ്ച മുതൽ പരിമിതമായ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. 1.34 കോടി വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് ഡല്‍ഹി സർക്കാർ അറിയിച്ചു.