പനജി: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ നടത്തി. ഡ്രൈ റൺ വിജയകരമായിരുന്നുവെന്ന് മുതിർന്ന സർക്കാർ അധികൃതർ അറിയിച്ചു. മോക് ഡ്രിൽ സംസ്ഥാന സർക്കാരിന്‍റെ മൂന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് നടത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കോർലിം, പനാജി, ആൽഡോന എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്. വടക്കൻ ഗോവയിലും തെക്കൻ ഗോവയിലും കൊവിഡ് വാക്‌സിൻ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും ഗോവൻ ഹെൽത്ത് സെക്രട്ടറി അമിത് സതീജ പറഞ്ഞു. വാക്സിന്‍റെ സംരക്ഷണത്തിനായി 'ശീതീകരണ ബാങ്കുകൾക്ക്' കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ നിന്നും ആവശ്യമായ സഹായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും സതീജ പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ കൊവിഡ് രോഗികൾക്ക് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്ന ഓക്‌സ്‌ഫേർഡ് അസ്‌ട്രാസെനക്ക വികസിപ്പിച്ച കൊവിഡ് വാക്‌സിൻ നൽകാനായി വിദഗ്‌ധ സമിതി അനുവാദം നൽകിയിരുന്നു.