ന്യൂഡൽഹി: മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, കർണാടക, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളുടെ വർധനവ് രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ 80.80 ശതമാനം വർധനവുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ദൈനംദിന കേസുകളിൽ വൻവർധനവാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,61,736 പേർക്ക് കൊവിഡ് ബാധയുണ്ടായി. പ്രതിദിന രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുമ്പിൽ. 51,751 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥരീകരിച്ചത്. തൊട്ടു പിന്നിലായി ഉത്തർ പ്രദേശും (13,604) ഛത്തീസ്ഗഡും (13,576) ഉണ്ട്. ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 12,64,698 ആയി.
രാജ്യത്ത് 60 വയസിനു മുകളിലുളള 4,17,12,654 പേർക്ക് വാക്സിൻ നൽകി. 45 മുതൽ 60 വയസുവരെയുളളവർക്ക് 3,42,18,175 പേർക്കും വാക്സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.